Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്.
ഒന്നാം വിക്കറ്റിൽ 162 റൺസാണ് മന്ദാന - ഷെഫാലി സഖ്യം കൂട്ടിച്ചേർത്തത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 46 പന്തുകളിൽ 79 റൺസ് നേടി ഷെഫാലി മടങ്ങിയതിന് പിന്നാലെ 48 പന്തിൽ 80 റൺസ് നേടി സ്മൃതിയും മടങ്ങി.
പിന്നാലെയെത്തിയ റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. 16 പന്തിൽ 40 റൺസുമായി റിച്ച ഘോഷും 10 പന്തിൽ 16 റൺസ് നേടി ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു. അവസാന രണ്ട്ഓവറിൽ 37 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.
ഇതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസെന്ന നാഴികക്കല്ലും സമൃതി മന്ദാന പിന്നിട്ടു. 280 ഇന്നിംഗ്സുകളിൽനിന്നാണ് സ്മൃതിയുടെ നേട്ടം. ഇതോടെ 291 ഇന്നിംഗ്സുകളിൽനിന്ന് 10,000 റൺസ് തികച്ച മിതാലി രാജിന്റെ റിക്കാർഡും സ്മൃതി തകർത്തു.
Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളും അനായാസം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതാ ടീം. ആശ്വാസജയ ജയം തേടിയാണ് ലങ്കൻ വനിതകൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യയും ലങ്കയും കളത്തിലിറങ്ങുന്നത്.
അസുഖ ബാധിതയായ ജമീമ റോഡ്രീഗ്സ്, ക്രാന്തി ഗൗഡ് എന്നിവർ പ്ലേയിംഗ് ഇലവനിൽനിന്നു പുറത്തായപ്പോൾ ഹർലീൻ ഡിയോൾ, അരുന്ധതി റെഡ്ഡി എന്നിവർ ടീമിലെത്തി. ഇനോക, മൽകി എന്നിവർക്ക് പകരമായി രശ്മിക സേവൻഡി, കാവ്യ കാവിന്ദി എന്നിവർ ലങ്കൻ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചു.
ഇന്ത്യൻ പ്ലെയിംഗ് ഇലവൻ: ഷഫാലി വർമ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ, രേണുക സിംഗ് താക്കൂർ, ശ്രീ ചരണി.
ശ്രീലങ്ക പ്ലെയിംഗ് ഇലവൻ: എ.ഹാസിനി , ചമാരി അത്തപ്പത്തു (ക്യാപ്റ്റന്), ഹർഷിത സമരവിക്രമ, കവിഷ ദിൽഹാരി, ഇമേഷ ദുലാനി, നിലാക്ഷിക സിൽവ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, രശ്മിക സേവൻഡി, കാവ്യ കാവിന്ദി, നിമിഷ മദുഷാനി.
Sports
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്ക ഉയർത്തിയ 129 റൺസ് വിജയ ലക്ഷ്യം 11. 5 ഓവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഷെഫാലി വർമയുടെ (69) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ വനിതകൾക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ജെമീമ റോഡ്രിഗസ് (26) സ്മൃതി മന്ദാന (14) ഹർമൻപ്രീത് കൗർ (10) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 128 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി സമര വിക്രമ (33), ചമാരി അട്ടാപുട്ടു (31), ഹസിനി പെരേര (22) എന്നിവർ തിളങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമ, ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി.
Sports
തിരുവനന്തപുരം: ലോക ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബുധനാഴ്ച കേരളത്തിലെത്തും. ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായിട്ടാണ് ടീമുകൾ തിരുവനന്തപുരത്തെത്തുന്നത്.
ഡിസംബർ 26, 28, 30 തീയതികളിലായി കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം 5.40ന് പ്രത്യേക വിമാനത്തിൽ എത്തുന്ന ടീമുകൾക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 25ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ ശ്രീലങ്കൻ ടീമും വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പതു വരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിൽ ജനറൽ ടിക്കറ്റുകൾ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
International
കൊളംബോ: ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പേമാരിയിലും വെള്ളപ്പൊക്കത്തിലും 132 പേർ മരിച്ചെന്നാണ് നിഗമനം. ദുരന്ത നിവാരണ സേനയുടെ കണക്കുപ്രകാരം 176 പേരെ കാണാതായിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. മോശം കാലാവസ്ഥ കാരണം പലയിടങ്ങളിലും ആശയവിനിമയം തടസപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. പ്രളയത്തിൽ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും തകർന്നതായാണ് റിപ്പോർട്ടുകൾ. വീടുകൾ നഷ്ടപ്പെട്ട 43,995 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചുഴലിക്കാറ്റ് തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.
National
ചെന്നൈ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 56 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
അതേസമയം, ലങ്കൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
അതേസമയം, ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ് വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്രന്യൂനമർദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30ന് രാവിലെയോടെ വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് -ആന്ധ്രാ -പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്. നാലുജില്ലകളിൽ റെഡ് അലർട്ടും ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
Sports
ന്യൂഡൽഹി: ഏഷ്യ കപ്പ് ട്വന്റി20 ആവേശം അവസാനിക്കും മുന്പേ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025ന് ഇന്ന് തുടക്കം. കപ്പുയർത്താൻ സർവ സജ്ജമായ ഇന്ത്യൻ സംഘം ശ്രീലങ്കയ്ക്കെതിരേ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഗുവാഹത്തി ബര്സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു മൂന്നിനാണ് മത്സരം.
സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് 13-ാം പതിപ്പ് നടക്കുന്നത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യക്ക് ഇത്തവണ കപ്പുയർത്താൻ വലിയ അവസരമാണുള്ളത്.
ചരിത്രത്തിലെതന്നെ മികച്ച ടീമാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന നീലപ്പട. ഏത ടീമിനെയും വീഴ്ത്താൻ കെൽപ്പുള്ളവർ; മികച്ച ഫോമിലും. ആതിഥേയരെന്ന മുൻഗണനയും ഗുണം ചെയ്യും.
ഇന്ത്യ- പാക്കിസ്ഥാൻ
പുരുഷ ക്രിക്കറ്റിലേതിന് സമാനമായി ഒക്ടോബർ അഞ്ചിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിലായിരിക്കും എല്ലാവരുടെയും കണ്ണുകൾ. പുരുഷ ക്രിക്കറ്റ് നേട്ടത്തിനു പിന്നാലെ വനിത ക്രിക്കറ്റിലും ജയമാണ് ആരാധകരുടെ പ്രതീക്ഷ.
തുടർന്ന് ഒക്ടോബർ 12ന് ഓസ്ട്രേലിയയെയും 19ന് ഇംഗ്ലണ്ടിനെയും നിർണായക പോരാട്ടങ്ങളിൽ ഇന്ത്യ നേരിടും. റൗണ്ട് റോബിൻ ഫോർമാറ്റ് അനുസരിച്ച് ഓരോ മത്സരവും പ്രധാനമാണ്. മികച്ച നാല് ടീമുകൾ സെമിഫൈനലിൽ കടക്കും.
പാക്കിസ്ഥാൻ സെമിയിൽ പ്രവേശിച്ചാൽ മത്സരം ഒക്ടോബർ 29ന് കൊളംബോയിൽ നടക്കും. അല്ലെങ്കിൽ ഗുവാഹത്തി ആദ്യ സെമിഫൈനലിന് ആതിഥേയത്വം വഹിക്കും. ഓസ്ട്രേലിയ ഏഴും ഇംഗ്ലണ്ട് അഞ്ചും കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ ചരിത്രം കുറിക്കുകയാണ് ഇന്ത്യയുടെ പെണ്പടയുടെ ലക്ഷ്യം.
ടീം കരുത്ത്
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, രേണുക സിംഗ് താക്കൂർ, രാധ യാദവ് എന്നിവരുൾപ്പെടെ പരിചയസന്പന്നരും യുവതാരങ്ങളും ഉൾപ്പെടുന്ന ശക്തരാണ്.
സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി എത്തുന്ന ടീം വലിയ പ്രതീക്ഷയിലാണ്.
ബാറ്റർക്ക് അനുകൂലം
ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയം ബാറ്റിംഗിന് അനുകൂലമാണ്. പേസർമാർക്ക് തുടക്കത്തിൽ അനുകൂലമെങ്കിലും സ്പിന്നർമാർ ഒടുവിൽ കളം വാഴും. 10 പിച്ചുകൾ ഉൾപ്പെടുന്ന ഈ ഗ്രൗണ്ടിൽ ഇതുവരെ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. ഇവയെല്ലാം 2019ലാണ്.
കണക്കുകൾ പറയുന്നത്
ഇരുരാജ്യങ്ങളും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യക്ക് വലിയ മുൻതൂക്കമാണുള്ളത്. ശ്രീലങ്കയ്ക്കെതിരേ 33 മത്സരങ്ങളിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ മൂന്ന് മത്സരമാണ് ശ്രീലങ്ക ജയിച്ചത്. അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ അഞ്ച് എണ്ണത്തിലും ഇന്ത്യ ജയം നേടി.
ഇന്ത്യൻ വനിതാ ടീം
ഹർമൻപ്രീത് കൗർ (ക്യാപറ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ചേത്രി, രേണുക സിംഗ് താക്കൂർ, ദീപ്തി ശർമ, സ്നേഹ റാണ, ശ്രീ ചരണി, രാധ യാദവ്, അമൻജോത് കൗർ, അരുന്ധതി റെഡ്ഢി, ക്രാന്തി ഗാഡ്.
റിസർവ് താരങ്ങൾ: തേജൽ ഹസബ്നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, മിന്നു മണി, സയാലി സത്ഘരെ.
ശ്രീലങ്ക ടീം
ചമാരി അട്ടപ്പട്ടു (ക്യാപ്റ്റൻ), ഹാസിനി പെരേര, വിഷ്മി ഗുണരത്നെ, ഹർഷിത സമരവിക്രമ, കവീശ ദിൽഹാരി, നീലക്ഷിക സിൽവ, അനുഷ്ക സഞ്ജീവനി, ഇമേഷ ദുലാനി, ദേവ്മി വിഹാംഗ, പിയൂമി വത്സല, ഇനോക രണവീര, സുഗന്ദിക ദസനയക, ഉദേശിക പ്രബോധനി, മാൽകി മഡാര, അച്ചിനി കുലസൂര്യ.
റിസർവ് താരം: ഇനോഷി ഫെർണാണ്ടോ.